തായ്വാൻ കപ്പൽ കമ്പനിയായ എവർഗ്രീൻ മറൈന്റെ (Evergreen Marine) ഉടമസ്ഥതയിലുള്ള ‘എവർ ലൗവ്ലി’ (Ever Lovely) എന്ന ചരക്കുകപ്പലിന് നേരെ ഒമാൻ തീരത്ത് വെച്ച് അജ്ഞാത വസ്തു പതിച്ച് ആക്രമണമുണ്ടായതായി കമ്പനി ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
ഒമാന്റെ ഖൗർ നൈവയ്ക്ക് 3.6 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിന്റെ ബ്രിഡ്ജ് ഭാഗത്ത് (നിയന്ത്രണ മുറിക്ക് സമീപം) അജ്ഞാത വസ്തു വന്ന് ഇടിച്ചത്. പ്രാഥമിക പരിശോധനയിൽ കപ്പലിന്റെ ജനാലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരും കപ്പലും ചരക്കുകളും പൂർണ്ണ സുരക്ഷിതരാണ്.
ബ്രിട്ടീഷ് നാവിക ഏജൻസിയായ UKMTO നിർദ്ദേശിച്ച സുരക്ഷിത പാതയിലൂടെയാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്നും, സംഭവത്തിന് ശേഷം കപ്പൽ ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടതായും സിംഗപ്പൂർ സബ്സിഡിയറിയുടെ കീഴിലുള്ള ഈ കപ്പലിന്റെ ഉടമസ്ഥർ തായ്വാൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.






