അമേരിക്ക-ഇറാൻ സൈനിക സംഘർഷത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇറാനും യു.എ.ഇയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. തിങ്കളാഴ്ച ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്നുള്ള ആദ്യ വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.
ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ24 (Flightradar24.com) പ്രകാരം, ടെഹ്‌റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ‘ഫ്ലൈസെപെഹ്റാൻ’ (FlySepehran) വിമാനമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1:18-ന് ദുബായിൽ ലാൻഡ് ചെയ്തത്.
ദുബായ് എയർപോർട്ട്സ് അതോറിറ്റിയുടെ അറൈവൽ വിവരങ്ങൾ അനുസരിച്ച് IS 7352 എന്ന ഈ വിമാനം ദുബായ് എയർപോർട്ട് ടെർമിനൽ 2-ലാണ് എത്തിയത്. തിങ്കളാഴ്ച തന്നെ ഈ വിമാനം തിരികെ ടെഹ്‌റാനിലേക്ക് സർവീസ് നടത്തുമെന്നും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമേഷ്യയിൽ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് മേഖലയിലെ വ്യോമഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. എന്നാൽ ചൊവ്വാഴ്ച ഖത്തറിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കാനിരിക്കെയാണ് ഈ വിമാന സർവീസ് എന്നത് ശ്രദ്ധേയമാണ്.
യു.എ.ഇയുടെ പ്രമുഖ എയർലൈനുകളായ ഫ്ലൈദുബായും എയർ അറേബ്യയും ഇറാനിലേക്കുള്ള തങ്ങളുടെ സർവീസുകൾ ഇതുവരെ ഔദ്യോഗികമായി പുനരാരംഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മറ്റ് വിമാനങ്ങളും സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






