ദുബായിൽ 30 ഓളം വാഹനങ്ങൾ പിടിച്ചെടുത്തു. കഴിഞ്ഞ വർഷം അടയ്ക്കാനുള്ള ട്രാഫിക് പിഴ തുക 6,000 ദിർഹം കവിഞ്ഞതിനെ തുടർന്നാണ് ദുബായ് പോലീസ് 30 ഓളം വാഹനങ്ങൾ പിടിച്ചെടുത്തത്.
ദുബായ് നിയമപ്രകാരം വാഹനം കണ്ടുകെട്ടാനുള്ള പരിധി 6,000 ദിർഹമാണ്. പിഴ തുക ഈ പരിധിയിലേക്ക് അടുക്കുകയോ കവിയുകയോ ചെയ്യുന്ന വാഹന ഉടമകളെ നേരിട്ട് ബന്ധപ്പെടുകയും, വാഹനം പോലീസ് കണ്ടെത്തി പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ കുടിശ്ശിക തീർപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ‘എമറാത്ത് അൽ യൗം’ (Emarat Al Youm) റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം പിടിച്ചെടുത്ത ചില വാഹനങ്ങൾക്ക് പതിനായിരക്കണക്കിന് ദിർഹമിന്റെ പിഴ കുടിശ്ശികയുണ്ടായിരുന്നതായി ദുബായ് പോലീസ് വ്യക്തമാക്കി.ദുബായിൽ വാഹനം കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട 2015-ലെ ഉത്തരവ് നമ്പർ 29-ൽ (2023-ലെ ഉത്തരവ് നമ്പർ 30 വഴി വരുത്തിയ ഭേദഗതികൾ അനുസരിച്ച്), അടച്ചുതീർക്കാനുള്ള ട്രാഫിക് പിഴ 6,000 ദിർഹമിൽ കൂടുതലായാൽ വാഹനം പിടിച്ചെടുക്കാൻ നിയമമുണ്ട്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനായി ഉടമ നിലവിലെ മുഴുവൻ പിഴ തുകയും അടച്ചുതീർക്കേണ്ടതുണ്ട്.
റോഡിലൂടെ സഞ്ചരിക്കുമ്പോഴോ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുമ്പോഴോ തിരയുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വായിച്ചെടുക്കാൻ ശേഷിയുള്ള നൂതന സ്മാർട്ട് സംവിധാനങ്ങളാണ് പോലീസ് എൻഫോഴ്സ്മെന്റ് ടീമുകൾ ഇതിനായി ഉപയോഗിക്കുന്നത്. നിയമനടപടികളിലേക്ക് കടക്കുന്നതിന് മുൻപ് കുടിശ്ശികയുള്ള പിഴകൾ തീർപ്പാക്കാൻ ടെക്സ്റ്റ് മെസ്സേജുകളിലൂടെയും സ്മാർട്ട് നോട്ടിഫിക്കേഷനുകളിലൂടെയും പോലീസ് വാഹന ഉടമകളോട് അഭ്യർത്ഥിക്കുന്നുണ്ട്.





