ദുബായ്: ആവശ്യക്കാർക്ക് പ്രത്യാശയും ജീവിതവും നൽകിക്കൊണ്ട് യു.എ.ഇ (UAE) എന്നും ശാശ്വതമായ ജീവകാരുണ്യ സ്വാധീനം ചെലുത്തുന്നത് തുടരുമെന്ന് യു.എ.ഐ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുധനാഴ്ച ലോക ജീവകാരുണ്യ ദിനത്തിൽ (World Humanitarian Day) വ്യക്തമാക്കി.
യു.എ.ഇയുടെ രൂപീകരണം മുതൽ അതിന്റെ മാനുഷിക സമീപനത്തിന് രൂപം നൽകിയ മൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, വാക്കുകളിലോ പരസ്യങ്ങളിലോ അല്ല, മറിച്ച് ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനത്തിലാണ് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനം അളക്കപ്പെടുന്നത് എന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
“മാനവികതയുടെ അളവുകോലിൽ, നിങ്ങളുടെ ശബ്ദത്തിന്റെ വ്യാപ്തിയല്ല, മറിച്ച് നിങ്ങൾ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ ആഴമാണ് നിങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നത് എന്ന് ജീവിതം എന്നെ പഠിപ്പിച്ചു,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
“ആളുകളുടെ ദുരിതങ്ങളെക്കുറിച്ച് സംസാരിക്കുന്നവരല്ല, മറിച്ച് അത് ലഘൂകരിക്കുന്നവരാണ് സാന്നിധ്യം അറിയിക്കുന്നത്. പത്രങ്ങളുടെ തലക്കെട്ടുകളിൽ പ്രത്യക്ഷപ്പെടുന്നതിലല്ല, മറിച്ച് മനുഷ്യരുടെ ജീവിതത്തിൽ ഒപ്പമുണ്ടാകുന്നതിലാണ് അത് അളക്കപ്പെടുന്നത്,” വൈസ് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു.
ജീവകാരുണ്യത്തിന് പകരം സംസാരിക്കാൻ ആളുകളെ ആവശ്യമില്ലെന്നും, എന്നാൽ അതിനായി പ്രവർത്തിക്കാൻ തയ്യാറുള്ള മനുഷ്യരെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മറ്റ് സ്ഥാപക നേതാക്കളുടെയും കാലം മുതൽക്കേ ജീവകാരുണ്യ പ്രവർത്തനങ്ങൾ യു.എ.ഇയുടെ മൂല്യങ്ങളിൽ അലിഞ്ഞുചേർന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ചരിത്രത്തിലുടനീളം, അതിന്റെ മൂല്യങ്ങളിലൂടെ, ‘മാനുഷികതയുടെ പ്രതീകമായ’ സായിദും അദ്ദേഹത്തിന്റെ സഹോദരങ്ങളും തറക്കല്ലിട്ടത് മുതൽ, യു.എ.ഇ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ശരിയായ പക്ഷത്ത് നിൽക്കാനാണ് തിരഞ്ഞെടുത്തത്,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. “ദൈവേഷ്ഠമുണ്ടെങ്കിൽ, അത് എന്നും വലിയ സ്വാധീനം സൃഷ്ടിക്കുന്ന, പ്രതീക്ഷയും ജീവിതവും പകരുന്ന ഒരു രാജ്യമായി തന്നെ നിലകൊള്ളും,” അദ്ദേഹം കൂട്ടിച്ചേർത്തു.






