മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, സുരക്ഷിതമായ ക്രൂഡ് ഓയിൽ കയറ്റുമതിക്കായി പുതിയ നീക്കവുമായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (KPC). ഹോർമുസ് കടലിടുക്കിന് പുറത്ത് വെച്ച് കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് നേരിട്ട് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും മാറ്റുന്ന ‘ഷിപ്പ്-ടു-ഷിപ്പ്’ (Ship-to-Ship – STS) സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കെ.പി.സി ഉദ്യോഗസ്ഥൻ ഇന്ന് ബുധനാഴ്ച വ്യക്തമാക്കി.
യു.എസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിനുള്ളിലെ തുറമുഖങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ കയറ്റി അയക്കാൻ ഷിപ്പിംഗ് കമ്പനികളും വാങ്ങുന്നവരും മടികാണിക്കുന്ന സാഹചര്യത്തിലാണ് കുവൈറ്റിന്റെ ഈ പുതിയ തീരുമാനം.
അന്താരാഷ്ട്ര വിപണിയിലെ ആശങ്കകൾ അകറ്റാനും വാങ്ങുന്നവരെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് എപിപെക് എനർജി കോൺഫറൻസിൽ (APPEC) സംസാരിക്കവെ കെ.പി.സി ഇന്റർനാഷണൽ മാർക്കറ്റിംഗ് മാനേജിംഗ് ഡയറക്ടർ ഖാലിദ് എ. അൽ-സബാഹ് (Khaled A. Al-Sabah) പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിതരണം തടസ്സമില്ലാതെ തുടരാനും കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






