ജർമ്മനിയിൽ ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബെർലിനിൽ എത്തിച്ചേർന്നു.
ജർമ്മൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച യു.എ.ഇ പ്രസിഡന്റിന്റെ വിമാനത്തെ ജർമ്മൻ സൈനിക വിമാനങ്ങൾ അകമ്പടി സേവിച്ചാണ് സ്വീകരിച്ചത്. ബെർലിനിൽ എത്തിയ അദ്ദേഹത്തിന് 21 ആചാരവെടികളോടെയും ഗാർഡ് ഓഫ് ഓണറോടെയും ഔദ്യോഗിക സ്വീകരണമാണ് നൽകിയത്.
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വ്യവസായ-ഉയർന്ന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ, വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി തുടങ്ങി നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയൊരു സംഘം പ്രസിഡന്റിനൊപ്പമുണ്ട്.
ബി.എം.ഡബ്ല്യു (BMW), സീമെൻസ് (Siemens), തിസ്സെൻക്രൂപ് (ThyssenKrupp), ഡോയ്ചെ ബാൺ (Deutsche Bahn) തുടങ്ങിയ പ്രമുഖ ജർമ്മൻ കമ്പനികൾ ഉൾപ്പെടെ ഏകദേശം 2,000-ത്തോളം ജർമ്മൻ ബിസിനസുകളാണ് യു.എഇയിൽ പ്രവർത്തിക്കുന്നത്. ഇതിൽ യു.എഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ ചരക്ക് സേവനങ്ങൾ ആരംഭിക്കുന്നതിൽ ജർമ്മൻ റെയിൽവേ കമ്പനിയായ ഡോയ്ചെ ബാൺ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതിലും, ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലും യു.എഇയും ജർമ്മനിയും തമ്മിൽ അടുത്ത സഹകരണമാണുള്ളത്.
രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനിടയിലാണ് യു.എഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബെർലിനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.






