ഷാർജയിലെ സ്കൂൾ ബസുകൾ കുഞ്ഞുങ്ങളെ ഇറക്കുമ്പോഴും കയറ്റുമ്പോഴും നൽകുന്ന ‘സ്റ്റോപ്പ്’ (STOP) സൈനുകൾ അവഗണിക്കുന്ന ഡ്രൈവർമാർക്ക് വീണ്ടും മുന്നറിയിപ്പുമായി ഷാർജ പോലീസ്. വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം ലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
സ്കൂൾ ബസുകൾ വിദ്യാർത്ഥികളെ കയറ്റാനോ ഇറക്കാനോ ആയി ‘സ്റ്റോപ്പ്’ സൈൻ ബോർഡ് ഉയർത്തുമ്പോൾ മറ്റ് വാഹനങ്ങൾ നിർബന്ധമായും വാഹനം നിർത്തണമെന്ന് ഷാർജ പോലീസ് നിർദ്ദേശിച്ചു.
ബസ് സൈൻ ബോർഡ് ഉയർത്തുമ്പോൾ കുറഞ്ഞത് 5 മീറ്റർ അകലത്തിൽ മറ്റ് വാഹനങ്ങൾ നിർത്തേണ്ടതുണ്ട്. സ്റ്റോപ്പ് സൈൻ അവഗണിക്കുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
വിദ്യാർത്ഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്റ്റോപ്പ് സൈൻ ഉയർത്താത്ത സ്കൂൾ ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ചുമത്തും.
റോഡുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ ബസുകളിലും പ്രധാന വഴികളിലുമുള്ള ക്യാമറകൾ വഴി പോലീസ് കർശന നിരീക്ഷണം നടത്തും.






