ദുബായ്: ദുബായ് നഗരത്തിലെ ഗതാഗത സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പുതിയ എഐ തന്ത്രത്തിലൂടെ ഗതാഗതക്കുരുക്ക് 3 മുതൽ 5 ശതമാനം വരെയും, പുതിയ ഡ്രൈവർമാർ ഉൾപ്പെടുന്ന അപകടങ്ങൾ 10 മുതൽ 20 ശതമാനം വരെയും കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. കേസ്, പരാതി പരിഹാര സമയം 20 ശതമാനം മുതൽ 30 ശതമാനം വരെ കുറയ്ക്കുക, കസ്റ്റമർ ഹാപ്പിനെസ് സെന്ററുകളിലെ കാത്തിരിപ്പ് സമയം 14 ശതമാനം മുതൽ 16 ശതമാനം വരെ കുറയ്ക്കുക എന്നിവ ഉൾപ്പെടെ നിരവധി ലക്ഷ്യങ്ങളാണ് പുതിയ പദ്ധതിയ്ക്ക് പിന്നിലുള്ളത്. ആർ.ടി.എ ഡയറക്ടർ ജനറൽ മത്തർ അൽ തായർ ആണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചത്.
സർക്കാർ സേവനങ്ങൾ വേഗത്തിലാക്കാനും താമസക്കാരുടെയും സന്ദർശകരുടെയും യാത്രകൾ എളുപ്പമാക്കാനും പദ്ധതി സഹായിക്കും. 41 മേഖലകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹന ലൈസൻസിംഗ്, ട്രാഫിക്, പൊതുഗതാഗതം, കസ്റ്റമർ ഹാപ്പിനെസ്സ് തുടങ്ങിയ 11 പ്രധാന മേഖലകൾക്ക് പദ്ധതിയിൽ മുൻഗണന നൽകുന്നു. രണ്ടര വർഷത്തിനുള്ളിൽ 40 എഐ ഉൽപ്പന്നങ്ങൾ വികസിപ്പിക്കും. ഇതിൽ 11 എണ്ണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. വർഷത്തിൽ 300 ദശലക്ഷം ദിർഹത്തിലധികം സാമ്പത്തിക മൂല്യം സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനപ്രിയ ചാറ്റ്ബോട്ട് ആയ ‘മഹ്ബൂബ്’ കൂടുതൽ സ്മാർട്ടാകും. നിലവിൽ വിവരങ്ങൾ നൽകുന്ന മഹ്ബൂബ്, ഭാവിയിൽ ഉപഭോക്താക്കൾക്ക് ആപ്പ് വഴിയും വാട്സ് ആപ്പ് വഴിയും ഇടപാടുകൾ പൂർത്തിയാക്കാൻ സഹായിക്കും. യുഎഇ പാസ്, ദുബായ് പേ എന്നിവയുമായി ബന്ധിപ്പിച്ചതോടെ വാഹന സംബന്ധമായ സേവനങ്ങൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഇതുകൂടാതെ ഇലക്ട്രോണിക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്ന രീതിയും എഐ വഴി കൂടുതൽ സുഗമമാക്കും.
ബസ് നെറ്റ്വർക്കുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘ബസ് നെറ്റ്വർക്ക് പ്ലാനർ’ അവതരിപ്പിക്കും. ഇത് ബസ് സർവീസുകളുടെ കൃത്യത 10 ശതമാനം വരെ മെച്ചപ്പെടുത്താനും സർവീസ് മാറ്റങ്ങൾ വേഗത്തിലാക്കാനും സഹായിക്കുമെന്നും ആർടിഎ അറിയിച്ചു.
വാഹന ലൈസൻസിംഗ് രേഖകളുടെ ഓഡിറ്റിംഗിലും AI ഉൾപ്പെടുത്തുന്നു. ക്രമക്കേടുകൾ തിരിച്ചറിയുന്നതിനും, തിരുത്തൽ നടപടികൾ ശുപാർശ ചെയ്യുന്നതിനും, ഓഡിറ്റ് പ്രവർത്തനങ്ങളുടെ രേഖകൾ സൂക്ഷിക്കുന്നതിനും ഏജന്റ് AI ഓഡിറ്റർ മെഷീൻ ലേണിംഗും ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷനും ഉപയോഗിക്കുന്നു.






