ദുബായ് മാൾ മെട്രോ സ്റ്റേഷനെയും സിറ്റി വാക്കിലെ കൊക്കകോള അരീനയെയും (Coca-Cola Arena) ബന്ധിപ്പിക്കുന്ന 110 മീറ്റർ നീളമുള്ള പുതിയ കാൽനടപ്പാലം നാളെ നവംബർ 9 ചൊവ്വാഴ്ച പ്രവർത്തനം ആരംഭിക്കും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) മിറാസും (Meraas) ചേർന്നാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്.
110 മീറ്റർ നീളമുള്ള പാലത്തിലൂടെ മണിക്കൂറിൽ ഏകദേശം 10,000 ആളുകൾക്ക് കടന്നുപോകാൻ സാധിക്കും. കൊക്കകോള അരീനയിൽ നടക്കുന്ന വലിയ സംഗീതപരിപാടികളിലും മറ്റ് ഇവന്റുകളിലും എത്തുന്ന ജനക്കൂട്ടത്തിന് റോഡ് മുറിച്ചുകടക്കാതെ സുരക്ഷിതമായി മെട്രോയിൽ എത്താൻ ഇത് സഹായിക്കും.
ദുബായിലെ റോഡ് സുരക്ഷ മുൻനിർത്തി കാൽനടപ്പാലങ്ങളുടെയും ടണലുകളുടെയും എണ്ണം 2006-ലെ 26-ൽ നിന്ന് 2025 അവസാനത്തോടെ 178 ആയി ഉയർന്നു. ഇത് വഴി കാൽനടയാത്രക്കാരുടെ അപകടമരണ നിരക്ക് 2007-ലെ 9.5-ൽ നിന്ന് 2025-ൽ 0.22 ആയി വൻതോതിൽ കുറയ്ക്കാനായി.
ആർ.ടി.എയുടെ 2026-2030 കാലയളവിലേക്കുള്ള അഞ്ചുവർഷ പദ്ധതിയുടെ ഭാഗമായി ദുബായിലുടനീളം 31 പുതിയ കാൽനടപ്പാലങ്ങളും ടണലുകളും നിർമ്മിക്കാൻ ലക്ഷ്യമിടുന്നു.
17,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കൊക്കകോള അരീനയിൽ വർഷം മുഴുവൻ നടക്കുന്ന പരിപാടികൾക്ക് എത്തുന്ന സന്ദർശകർക്ക് വലിയ രീതിയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വേഗത്തിൽ സഞ്ചരിക്കാനും ഈ പാലം സഹായകരമാകും.






