ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വിദ്യാർത്ഥികൾക്കായി നൽകുന്ന ‘നോൾ സ്റ്റുഡന്റ് കാർഡ്’ (Nol Student Card) 2026 ഡിസംബർ മുതൽ ജി.സി.സി രാജ്യങ്ങളിലുടനീളമുള്ള കടകളിലും ഓൺലൈൻ പേയ്‌മെന്റുകൾക്കും ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ നോൾ കാർഡുകളുടെ എല്ലാ സവിശേഷതകളോടെയുമാണ് ഇതിന്റെ പരിഷ്കരിച്ച പതിപ്പ് വരുന്നത്.
തൽക്ഷണ റീചാർജ്, ഓൺലൈൻ കാർഡ് പുതുക്കൽ, മാതാപിതാക്കൾക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാനുള്ള സൗകര്യം എന്നിവയും ലഭ്യമാകും.
പൊതുഗതാഗതത്തിൽ നിലവിലുള്ള 50 ശതമാനം ഇളവ് തുടരും. 2024 മുതൽ ഇതുവരെ 43,800 കാർഡുകൾ പ്രിന്റ് ചെയ്തിട്ടുണ്ടെന്നും നിലവിൽ 49,500 കാർഡുകൾ സജീവമായി ഉപയോഗത്തിലുണ്ടെന്നും ആർ.ടി.എ വ്യക്തമാക്കി.
വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അഞ്ച് മെട്രോ സ്റ്റേഷനുകൾ ബർജുമാൻ, സ്റ്റേഡിയം, ഔദ് മേത്ത, ദുബായ് ഇന്റർനെറ്റ് സിറ്റി, സിറ്റി സെന്റർ ദെയ്‌റ എന്നിവയാണ്.
യു.എ.ഇയിലെ 23 വയസ്സിന് താഴെയുള്ള ഏത് സ്കൂൾ/കോളേജ് വിദ്യാർത്ഥിക്കും ആർ.ടി.എ വെബ്‌സൈറ്റോ ‘Nol Pay’ ആപ്പോ വഴി അപേക്ഷിക്കാം. എമിറേറ്റ്സ് ഐഡി, ഫോട്ടോ, വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. 70 ദിർഹമാണ് ഫീസ്, 5 വർഷമാണ് കാലാവധി.
അന്താരാഷ്ട്ര സ്റ്റുഡന്റ് ഐഡന്റിറ്റി കാർഡുമായി (ISIC) ബന്ധിപ്പിച്ച നോൾ കാർഡുകൾ വഴി 130-ലധികം രാജ്യങ്ങളിൽ 70 ശതമാനം വരെ ഷോപ്പിംഗ് ഓഫറുകളും ഇളവുകളും വിദ്യാർത്ഥികൾക്ക് ലഭിക്കും.





