ഉഗാണ്ടൻ പൗരന്മാർക്ക് പുതിയ വിസ നൽകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് യു.എ.ഇ പിൻവലിച്ചു. എബോള (Ebola) രോഗവ്യാപനത്തെ തുടർന്ന് 2026 ജൂണിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് യു.എ.ഇ ഇളവ് വരുത്തിയിരിക്കുന്നത്.
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA), ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) എന്നിവ സംയുക്തമായാണ് നിർദ്ദേശം പുതുക്കിയത്.
ഉഗാണ്ടൻ പൗരന്മാർക്ക് പുതിയ വിസ അനുവദിക്കുമെങ്കിലും, ഉഗാണ്ടയിൽ നിന്ന് പുറപ്പെട്ട് കുറഞ്ഞത് 21 ദിവസമെങ്കിലും കഴിഞ്ഞവർക്ക് മാത്രമേ യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കൂ.
വിദ്യാർത്ഥികൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇളവുകൾ: 2026 ജൂണിന് മുൻപ് യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ ഉഗാണ്ടൻ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും, എംബസി ജീവനക്കാർക്കും നയതന്ത്ര പാസ്പോർട്ട് ഉടമകൾക്കും ആരോഗ്യ നിബന്ധനകൾക്ക് വിധേയമായി പ്രവേശനം നൽകും.
ചികിത്സയ്ക്കായി യു.എ.ഇയിൽ എത്തുന്നവർ അസുഖ വിവരം, ചികിത്സിക്കുന്ന ആശുപത്രിയുടെ വിവരങ്ങൾ, ചികിത്സ ആരംഭിക്കുന്ന തീയതി എന്നിവ വ്യക്തമാക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിക്കണം.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിലവിലുള്ള മുൻകരുതൽ നിയന്ത്രണങ്ങളും വിസ വിലക്കും മാറ്റമില്ലാതെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.





