കെയ്റോ: ഈജിപ്തിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെയ്റോയിലെ അൽ ഒബൂർ സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ഈജിപ്തിലെ യുഎഇ അംബാസഡർ ഹമദ് ഒബൈദ് ഇബ്രാഹിം സാലിം അൽ സാബി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ, ഈജിപ്ത് ആഭ്യന്തര വിതരണ മന്ത്രിയും ഈജിപ്ത് ട്രേഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാനുമായ (ITDA) ഹൊസ്സം എൽ ഗരാഹി പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഈജിപ്തിൽ വിപുലമായ പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും, കൂടുതൽ നിക്ഷേപ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ലുലുവിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകിവരുന്ന ഭരണനേതൃത്വത്തിന് എം.എ യൂസഫലി നന്ദി അറിയിച്ചു.

1,06,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന പുതിയ ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, , പഴം-പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ബേക്കറി ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി വിപുലമായ ഉൽപ്പന്നശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനായി വിശാലമായ പാർക്കിംഗ് സൗകര്യങ്ങളുംസെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ., ഗ്രൂപ്പ് ഡയറക്ടർ – ഗ്ലോബൽ ഓപ്പറേഷൻസ് ആൻഡ് ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ മുഹമ്മദ് അൽത്താഫ്, ലുലു ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് റാം, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ് തുടങ്ങിയവരും സംബന്ധിച്ചു.






