പതിനെട്ടുവയസ്സുള്ള ബംഗ്ളാദേശി പെൺകുട്ടിയെ നിർബന്ധിതവേശ്യാവൃത്തിയിൽ നിന്ന് ദുബായ് പോലീസ് മോചിപ്പിച്ചു. പെൺകുട്ടിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച നാല്പത്തിനാലുകാരനായ ബംഗ്ലാദേശ് പൗരനെ കോടതിയിൽ ഹാജരാക്കി.
ഖുസൈസിലെ ഫ്‌ളാറ്റിൽ ഇടപാടുകാരനാണെന്ന ഭാവത്തിൽ എത്തിയ പോലീസ് ഉദ്യോഗസ്‌ഥനാണ് ബംഗ്ളാദേശ് പൗരനായ പ്രതിയെ വലയിലാക്കിയത്. ഒരു ചൈനീസ് യുവതിയും പ്രതിയുടെ ഒപ്പം സഹായിയായുണ്ടായിരുന്നു.
കഴിഞ്ഞവർഷം സെപ്തംബർ ഇരുപത്തിമൂന്നിനാണ് പോലീസ് പ്രതി വേശ്യാലയം നടത്തിയിരുന്ന ഫ്‌ളാറ്റിലെത്തി പെൺകുട്ടിയെ മോചിപ്പിച്ചത്.
പതിനേഴ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിയുടെ പാസ്പ്പോർട്ടിൽ വയസ്സ് ഇരുപത്തഞ്ചാക്കി തിരുത്തിയാണ് പ്രതി പെൺകുട്ടിയെ നാട്ടിൽ നിന്ന് വിസിറ്റ് വിസയിൽ 2018 ഫെബ്രുവരിയിൽ ദുബായിലെത്തിച്ചത്. ദുബായിലെത്തിയ ദിവസം മുതൽ തന്നെ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പണം നൽകി ഫ്‌ളാറ്റിലെത്തുന്ന നിരവധി ആളുകളും പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. വേശ്യാവൃത്തിയിലേർപ്പെട്ടിരുന്ന മറ്റു മൂന്ന് സ്ത്രീകൾ കൂടി പ്രതിയുടെ ഒപ്പം പിടിയിലായിട്ടുണ്ട്.
കേസിന്റെ വിചാരണ ദുബായ് കോടതിയിൽ നടന്നുവരുന്നു.
റിപ്പോർട്ട് : പ്രശാന്ത് ബാലചന്ദ്രൻ