നിക്ഷേപ സാധ്യതകളുമായി ബന്ധപ്പെട്ട് പുതിയ അവസരങ്ങളും പദ്ധതികളും പങ്കു വെക്കുന്ന ദുബായ് എക്‌സ്‌പോ വേദിയിലെ കേരള വീക്കിന് ഇന്ന് ഫെബ്രുവരി 4 ന് തുടക്കമാകും . മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യും. രാജ്യാന്തര ബിസിനസ് സമൂഹത്തിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപം എത്തിക്കുകയാണ് കേരള വീക്കിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത്.
എക്‌സ്‌പോ 2020 കേരള പവലിയനിൽ ഫെബ്രുവരി 4 മുതൽ 10 വരെയാണ് കേരള വീക്ക് അരങ്ങേറുക. വ്യത്യസ്ത പദ്ധതികൾ, നിക്ഷേപ മാർഗങ്ങൾ, ടൂറിസം, ഐടി, സ്റ്റാർട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് കേരള വീക്കിൽ അവതരണങ്ങളുണ്ടാകും. രാജ്യാന്തര ബിസിനസ് സമൂഹത്തിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകർഷിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയിൽ കേരള പവലിയനിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടി യിൽ മന്ത്രി പി രാജീവ്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കേരള ഗവ.പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.
സുപ്രധാന മേഖലകളിലെ നിക്ഷേപത്തിനുള്ള ബിസിനസ് സാധ്യതകളും ഈസ് ഓഫ് ഡൂയിംഗ്സ് ബിസിനസ്, കെ സ്വിഫ്റ്റ് പോർട്ടൽ, എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്റ്റ് തുടങ്ങിയവയിലെ സമീപകാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങൾ വ്യവസായ വകുപ്പ് പ്രദർശിപ്പിക്കും. പ്രവാസികളുടെ ക്ഷേമ-സാമൂഹികാനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ നോർക വകുപ്പ് നൽകുന്നതാണ്. കേരളാടിസ്ഥാനത്തിലുള്ള സ്റ്റാർട്ടപ്പുകളെ യുഎഇയിൽ നിന്നുള്ള നിക്ഷേപകരുമായി ഐടി & സ്റ്റാർട്ടപ് വകുപ്പ് ബന്ധിപ്പിക്കുകയും വിജയകരമായ കേരള സ്റ്റാർട്ടപ്പുകളെക്കുറിച്ച് വിരങ്ങൾ പങ്കു വെക്കുകയും ചെയ്യും.
കാരവൻ ടൂറിസം, എക്കോ ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളെയും ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ് അവസരങ്ങളെയും ടൂറിസം വകുപ്പ് പരിപാടിയിൽ അവതരിപ്പിക്കും. വ്യാപാര-ബിസിനസ് കൂട്ടായ്മകളുമായി നേരിട്ട് സംവദിക്കാനും ബിസിനസ് മീറ്റിംഗുകൾക്കും കേരള വീക്കിൽ സൗകര്യവുമുണ്ടാകുന്നതാണ്.