ഖത്തറിൽ പെരുന്നാൾ അവധിദിനങ്ങൾക്കിടയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പൊന്നാനി മാറഞ്ചേരി പുറങ്ങ് കുണ്ടുകടവ് കളത്തിൽപടിയിൽ താമസിക്കുന്ന റസാഖ് (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), കോഴിക്കോട് സ്വദേശി ഷമീം മാരൻ കുളങ്ങര (35) എന്നിവരാണ് മരണപ്പെട്ടത്. സജിത്തിന്റെ ഭാര്യയും ഒന്നരവയസുള്ള കുഞ്ഞും അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഭാര്യ പരിക്കുകളോടെ ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്നാണ് ലഭ്യമാവുന്ന വിവരം.
ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ മരുഭൂമിയിലെ കല്ലിൽ തട്ടി തലകീഴായി മറിഞ്ഞുവെന്നാണ് ലഭ്യമാവുന്ന വിവരം. ഉടൻ എയർ ആംബുലൻസെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മൂവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. സജിത്തിന്റെ വാഹനം ഓടിച്ച ഡ്രൈവർ ശരൺജിത് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.മൃതദേഹം വക്റയിലെ ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മുഐതറിൽ നിന്നും രണ്ടു വാഹനങ്ങളിലായാണ് സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു റസാഖ്. സജിത്ത് വുഖൂദ് പെട്രോൾ സ്റ്റേഷനിൽ ജീവനക്കാരനാണ്.