Search
Close this search box.

ജനകീയ പ്രക്ഷോഭം : ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു

ജനകീയ പ്രക്ഷോഭം താങ്ങാനാകാതെ ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും അതിനെ നേരിടാനുള്ള ഭരണാനുകൂലികളുടെ ജാഥകളും രാജ്യമെങ്ങും അക്രമാസക്തമായതോടെയാണ് രാജിവയ്ക്കാൻ പ്രധാനമന്ത്രി നിർബന്ധിതനായത്.

ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന (എസ്എൽപിപി) പാർട്ടിയുടെ എംപി അമരകീർത്തി അതുകോറല നിട്ടംബുവയിൽ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയം വെടിവച്ചു മരിച്ചു. എംപിയുടെ വെടിയേറ്റ 2 പേരിൽ ഒരാൾ മരിച്ചു. എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെയും മരിച്ച നിലയിൽ കണ്ടെത്തി. രാജ്യമെങ്ങും കർഫ്യൂ പ്രഖ്യാപിച്ചു. അക്രമം നിയന്ത്രിക്കാൻ കൊളംബോയിൽ സൈന്യമിറങ്ങി.

പ്രധാനമന്ത്രിയുടെ ടെംപിൾ ട്രീസ് വസതിക്കു സമീപം ഏപ്രിൽ 9 മുതൽ സമരം നടത്തുന്ന ജനക്കൂട്ടത്തിനു നേരെ സർക്കാർ അനുകൂലികൾ അഴിച്ചുവിട്ട ആക്രമണത്തിൽ 140 പേർക്കു പരുക്കേറ്റു. വീടിനു മുന്നിൽ ബസിൽ വന്നിറങ്ങിയവർ സമരക്കാരുടെ ടെന്റുകൾ നശിപ്പിച്ചും സർക്കാർ വിരുദ്ധ ബാനറുകൾ വലിച്ചുകീറിയും പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സർക്കാ‍ർ അനുകൂലികളും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ചോര ചിന്തി. സനത് നിഷാന്ത എംപിയുടെയും മുൻ മന്ത്രി ജോൺസ്റ്റൻ ഫെർനാൻഡോയുടെയും വീടുകൾക്കു തീവച്ചു. നിട്ടംബുവയിൽ ജനക്കൂട്ടം കാർ തടഞ്ഞപ്പോൾ അവർക്കു നേരെ വെടിവച്ച ശേഷം ഇറങ്ങിയോടിയ അമരകീർത്തി സമീപത്തെ കെട്ടിടത്തിൽ അഭയം തേടി. അവിടെയും ജനക്കൂട്ടം വളഞ്ഞപ്പോഴാണു സ്വയം ജീവനെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts