പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ നടപടി വന്നതോടെ ഇവയുടെ നികുതി ഭാഗികമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനസർക്കാരും രംഗത്ത് വന്നിരിക്കുകയാണ്.
പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.
തൊട്ടുപിന്നാലെ സംസ്ഥാനസർക്കാരും പെട്രോൾ/ഡീസൽ നികുതി ഭാഗികമായി കുറയ്ക്കുമെന്ന്
ധനമന്ത്രി കെ.എൻ ബാലഗോപാൽ ഫേസ് ബുക്കിൽ അറിയിച്ചു.
”കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്” ധനമന്ത്രി അറിയിച്ചു.
അതേസമയം കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ജനദ്രോഹനയത്തിൽ നിന്നും സംസ്ഥാനം പിൻമാറിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. മറ്റു സംസ്ഥാനങ്ങൾ എല്ലാം കേരളത്തേക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറച്ച് ബസ് – ടാക്സി ചാർജ് കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.