യു എ ഇ മാനവവിഭവശേഷി മന്ത്രാലയം പുതിയ ജോബ് ക്ളാസിഫിക്കേഷൻ സ്‌കീം ആരംഭിച്ചു. ഇനി മുതൽ വർക്ക് പെര്മിറ്റുകൾക്ക് ഈ സ്‌കീം ആയിരിക്കും ബാധകമായിരിക്കുക. ഇതുപ്രകാരം 725 തരം ജോലികളെ വേർതിരിച്ചു ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മാനേജർ തസ്തികകൾ, സ്പെഷ്യലിസ്റ്റ്, ക്ലർക്ക് തുടങ്ങിയവയെല്ലാം ഉൾപ്പെടും.
ഇത് പ്രകാരം എല്ലാ തസ്തികകളും മന്ത്രാലയം നിശ്ചയിക്കുന്ന അഞ്ച് ലെവൽ പ്രൊഫഷണൽ യോഗ്യതകളിൽ ഏതിലെങ്കിലും ഉൾപ്പെടുന്നതായിരിക്കും. ഇതാവും ഒരു അപേക്ഷകന് വർക്ക് പെർമിറ്റ് അപേക്ഷയുടെ കൂടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാനോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത്. എല്ലാ തസ്തികകൾക്കും ഒരു പ്രത്യേക കോഡും അതോടൊപ്പം ലഘുവിവരണവും ഉണ്ടാവും.
തൊഴിൽ മേഖലയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിന് ഭാഗമാണ് ഈ പുതിയ പരിഷ്‌കാരങ്ങൾ എന്ന് മന്ത്രാലയം അറിയിച്ചു. പുതിയ ലിസ്റ്റിലുള്ള ജോബ് ടൈറ്റിലുകൾ വച്ച് മാത്രമേ ഇനി മുതൽ കമ്പനികൾക്ക് വർക്ക് പെർമിറ്റിന് വേണ്ടി അപേക്ഷിക്കാനാവൂ.
എന്നാൽ നിലവിൽ പെർമിറ്റോടു കൂടി ജോലി ചെയ്യുന്ന വിദേശികൾക്ക് പ്രത്യേകമായി ടൈറ്റിൽ മാറ്റേണ്ട ആവശ്യമില്ല എന്നും അറിയിപ്പ് ഉണ്ട്. നേരത്തെ ഉണ്ടായിരുന്ന 3000 ത്തോളം തസ്തികകൾ ആണ് 725 ലേക്ക് ചുരുക്കി കൊണ്ട് വന്നത്. ഇത് തൊഴിൽ മേഖലയിൽ തസ്തിക നിർണ്ണയം എളുപ്പമാക്കാനാണ്. എന്നാൽ വിദേശ തൊഴിലാളികൾക്ക് തസ്തിക നിശ്ചയിക്കാൻ തൊഴിൽ ദാതാക്കൾക്ക് ഇനി അത്ര എളുപ്പമാകില്ല എന്നാണ് വിദഗ്ദരുടെ അഭിപ്രായം.