തട്ടിപ്പുകാർ ആളുകളെ കബളിപ്പിച്ച് പണം നേടാൻ ശ്രമിക്കുന്നതിന്റെ വർദ്ധിച്ചുവരുന്ന അപകടസാധ്യത കണക്കിലെടുത്ത്, വിസയ്‌ക്കായി ശ്രമിക്കുന്ന യുഎഇയിലെ യാത്രക്കാർ ജാഗ്രത പാലിക്കാൻ നിർദ്ദേശം.യു എ ഇ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾക്ക് വിസ സേവനങ്ങൾ നൽകുന്ന VFS ഗ്ലോബലാണ് വ്യക്തിഗത വിവരങ്ങൾ എടുക്കുകയും വിനോദസഞ്ചാരികളിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പ് നൽകിയത്.
145 രാജ്യങ്ങളിലായി 3,300-ലധികം ആപ്ലിക്കേഷൻ സെന്ററുകളാണ് ആഗോള തലത്തിൽ കമ്പനി പ്രവർത്തിപ്പിക്കുന്നത്. 2001-ൽ ആരംഭിച്ചതുമുതൽ 264 ദശലക്ഷത്തിലധികം വിസ സേവനങ്ങൾ ഇത് പ്രോസസ്സ് ചെയ്തിട്ടുണ്ട്. തങ്ങളുടെ ജീവനക്കാർ ഒരിക്കലും വിസ ആഗ്രഹിക്കുന്നവരോട് സോഷ്യൽ മീഡിയ ചാനലുകൾ വഴി വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ലെന്നും പണം ആവശ്യപ്പെടുകയില്ലെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം വിസയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഉപദേശങ്ങളോ സേവനങ്ങളോ അപേക്ഷകർക്ക് നൽകുന്നതിന് രാജ്യത്ത് ഒരു ഏജന്റുമാരെയും നിയമിച്ചിട്ടില്ലെന്നും കമ്പനി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.