ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മൂലം ദുബായിൽ നിന്ന് മൗറീഷ്യസിലേക്കും തിരിച്ചുമുള്ള വിമാനം വൈകുമെന്നും റദ്ദാക്കുമെന്നും ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ് അറിയിച്ചു.
ജനുവരി 15 ന് ദുബായിൽ നിന്ന് മൗറീഷ്യസിലേക്ക് പുറപ്പെടേണ്ട EK 703 വിമാനം 27 മണിക്കൂർ വൈകി ജനുവരി 16 ന് യുഎഇ സമയം ഉച്ചയ്ക്ക് 1.30 ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 8 മണിക്ക് മൗറീഷ്യസിൽ എത്തുമെന്നും എയർലൈൻ അറിയിച്ചു.
കൂടാതെ, ജനുവരി 15 ന് മൗറീഷ്യസിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട EK 704 വിമാനം 21 മണിക്കൂർ വൈകി. ജനുവരി 16 ന് പ്രാദേശിക സമയം രാത്രി 8 മണിക്ക് മൗറീഷ്യസിൽ നിന്ന് പുറപ്പെട്ട് ജനുവരി 17 ന് യുഎഇ സമയം പുലർച്ചെ 2.35 ന് ദുബായിലെത്തുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.
അതേസമയം ജനുവരി 16 ന് ദുബായിൽ നിന്ന് മൗറീഷ്യസിലേക്കുള്ള EK 701 വിമാനവും ജനുവരി 16 ന് മൗറീഷ്യസിൽ നിന്ന് ദുബായിലേക്കുള്ള EK 702 വിമാനവും റദ്ദാക്കി.
ഉഷ്ണമേഖലാ ചുഴലിക്കാറ്റ് യുഎഇ സമയം തിങ്കളാഴ്ച ഉച്ചയോടെ ഫ്രഞ്ച് ദ്വീപായ റീയൂണിയനെ ബാധിച്ചിരുന്നു. ഇത് ദ്വീപിന്റെ വടക്കുകിഴക്കായി 220 കിലോമീറ്റർ അകലെയുള്ള മൗറീഷ്യസിനെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാൽ മൗറീഷ്യസും അതീവ ജാഗ്രതയിലാണ്. തിങ്കളാഴ്ച വൈകിയോ ചൊവ്വാഴ്ച രാവിലെയോ ദ്വീപിന്റെ തെക്കൻ ഭാഗത്തെ ചുഴലിക്കാറ്റ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇനി എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് കഴിയുന്നത്ര അറിയിപ്പ് നൽകാനാണ് ലക്ഷ്യമിടുന്നതെന്നും എയർലൈൻ അധികൃതർ കൂട്ടിച്ചേർത്തു.