ദുബായ്: വയോധികർക്ക് വിശ്രമിക്കാനും ആരോഗ്യസംരക്ഷണത്തിനുമായി പ്രഖ്യാപിച്ച ‘ദുഖ്ർ ക്ലബി’ൻറെ രണ്ടാമത്തെ കേന്ദ്രം അൽ ഖവാനീജിൽ നിർമിക്കും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് വയോധികർക്ക് പുതിയൊരു വിശ്രമകേന്ദ്രംകൂടി നിർമിക്കാൻ നിർദേശം നൽകിയത്.
20,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന കേന്ദ്രത്തിൽ ലൈബ്രറി, തിയറ്റർ, ആരോഗ്യ പരിചരണ കേന്ദ്രം, സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തുടങ്ങിയ അതിവിപുലമായ സൗകര്യങ്ങളുണ്ടാകും.
ബന്ധുക്കളുമായും പുതു തലമുറകളുമായുമുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിന് ഇൻററാക്ടിവ് കഫേയും കേന്ദ്രത്തിൽ ഒരുക്കുന്നുണ്ട്. ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റി, ഡിജിറ്റൽ ദുബൈ അതോറിറ്റി, ദുബൈ പൊലീസ്, ഡിപ്പാർട്മെൻറ് ഓഫ് ഫിനാൻസ്, ദുബൈ മുനിസിപ്പാലിറ്റി, കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി, ദുബൈ ഹെൽത്ത്, ദുബൈ സ്പോർട്സ് കൗൺസിൽ തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും ‘ദുഖ്ർ ക്ലബി’ൻറെ പ്രവർത്തനം.
വയോധികരുടെ ക്ഷേമം വർധിപ്പിക്കുന്നതിനും മികച്ച സംരക്ഷണവും പിന്തുണയും അവർക്ക് നൽകാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുന്നതാണ് പുതിയ സംരംഭമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. അതോടൊപ്പം ദുബൈ സോഷ്യൽ അജണ്ട 33യുടെ ലക്ഷ്യങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.