ദുബായ്: ഉപഭോക്തൃ അവകാശ സംരക്ഷണ വകുപ്പ് ജീവനക്കാറായി വ്യാജമായി ചമഞ്ഞ ഒരു സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക അധികാരികളെ പ്രതിനിധീകരിക്കുന്നുവെന്ന് വ്യാജമായി അവകാശപ്പെട്ട് പൗരന്മാരെയും താമസക്കാരെയും സംഘം ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
യുഎഇ പാസ് ആപ്പിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ പ്രതികൾ ആളുകളോട് ആവശ്യപ്പെട്ട്, പിന്നീട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറാനും ഫണ്ട് മോഷ്ടിക്കുകയും ചെയ്യുന്ന രീതിയാണ് ഇവർ പിന്തുടർന്ന് കൊണ്ടിരുന്നത്.
ബാങ്ക് കാർഡ് നമ്പറുകൾ, സിവിവി കോഡുകൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങൾ ഇരകളെ സ്വാധീനിച്ച് കൈമാറുന്നതിനായി സംഘം അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്റർ വിശദീകരിച്ചു. ഔദ്യോഗിക സ്ഥാപനങ്ങളിലുള്ള വ്യക്തികളുടെ വിശ്വാസം മുതലെടുത്ത്, ഇരകളുടെ അക്കൗണ്ടുകളിൽ നിന്ന് അവരുടെ അറിവില്ലാതെ പണം പിൻവലിക്കാനും അവർക്ക് കഴിഞ്ഞെന്ന് ആന്റി-ഫ്രോഡ് സെന്റർ പറഞ്ഞു.