ബെംഗളൂരു: ആർസിബിയുടെ ഐപിഎൽ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചതായി റിപ്പോർട്ട്. ആറുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്. വൻജനക്കൂട്ടമാണ് സ്റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയത്.
പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിൽ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിജയാഘോഷ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇപ്പോള്‍ അപകടമുണ്ടായതിന് പിന്നാലെ, മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.