യുക്രെയ്ൻതീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരിൽ ഒരു കാസർഗോഡ് സ്വദേശിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കുടുംബത്തിന് വിവരം ലഭിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയൻ ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.
മൂന്നു മാസം മുൻപാണ് കാസർഗോഡ് വെള്ളരിക്കുണ്ടിലെ ആ വീട്ടിൽ അഖിലിന്റെ വിവാഹ നിശ്ചയം നടന്നത്. ഏപ്രിലിൽ നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങളിലായിരുന്ന മാതാപിതാക്കളുടെ ഏക ആശ്രയമാണ് പൊലിഞ്ഞ് പോയത്.
സംഭവത്തെ കുറിച്ച് കപ്പൽ കമ്പനി അധികൃതർ ഇമെയിൽ വഴി കുടുംബത്തെ വിവരമറിയിച്ചെങ്കിലും പിന്നീട് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് അഖിലിന്റെ പിതാവ് ജോയൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അറിയിക്കാമെന്നാണ് അവർ ആദ്യം പറഞ്ഞത്. പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് തിരികെ വിളിച്ചപ്പോഴാണ് അക്രമത്തിൽ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിലൊന്ന് അഖിലിന്റേതാണെന്നും അവർ വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ധാന്യം കയറ്റി പോകുകയായിരുന്ന ‘ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ-സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ ഒമ്പത് പേർ കപ്പൽ ജീവനക്കാരും ഒരാൾ യുക്രൈനിലെ ഹാർബർ പൈലറ്റുമാണ്.
കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരിൽ എട്ടുപേരെ യുക്രൈനിയൻ നാവകസേന രക്ഷപ്പെടുത്തി. ഇവരിൽ പരിക്കേറ്റ ചിലരെ ഒഡേസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
17 ജീവനക്കാരിൽ അഞ്ച് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ആക്രമണത്തിൽ അകപ്പെട്ടവർക്ക് എല്ലാ സാഹായവും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.






