അജ്മാനിലുണ്ടായ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളി പ്രവാസിക്ക് ദുബായ് കോടതികളുടെ ഇടപെടലിനെത്തുടർന്ന് 6,55,341 ദിർഹം (ഏകദേശം 1.5 കോടിയിലേറെ ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു. കേരളത്തിൽ നിന്നുള്ള സുധീർ എന്ന 38-കാരനാണ് ഇൻഷുറൻസ് കമ്പനി വഴി ഈ തുക ലഭിച്ചത്.
കഴിഞ്ഞ വർഷം (മെയ് 2025) അജ്മാനിൽ കമ്പനി വാഹനത്തിൽ ജോലിക്കിടെയുണ്ടായ വാഹനാപകടത്തിലാണ് സുധീറിന് ഗുരുതര പരിക്കേറ്റത്. നിയന്ത്രണം വിട്ട വാഹനം നടപ്പാതയുടെ ഭിന്തിയിലും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീറിന്റെ ഇടതുകാൽ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റേണ്ടി വന്നു. ദുബായ് ജബൽ അലിയിലെ എൻ.എം.സി റോയൽ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ നൽകിയത്.
15 വർഷമായി യു.എ.ഇയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന സുധീർ, അജ്മാനിലെ ഒരു കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ദുബായ് ആസ്ഥാനമായുള്ള ആയേഷ അൽദാഹരി അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ആദ്യ ഘട്ടത്തിൽ കോടതി 4 ലക്ഷം ദിർഹം അനുവദിച്ചെങ്കിലും, തുടർന്ന് നടത്തിയ അപ്പീലിനെത്തുടർന്ന് തുക ഉയർന്ന കോടതി വർദ്ധിപ്പിക്കുകയായിരുന്നു.
കോടതി ചെലവുകൾ ഉൾപ്പെടെ ആകെ 655,341 ദിർഹം ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഈടാക്കി സുധീറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി.





