ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ വടക്ക്-കിഴക്കൻ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നാഷണൽ സെന്റർ ഓഫ് മെട്രോളജിയാണ് ഇക്കാര്യം അറിയിച്ചത്.
ആകാശം പൊതുവേ മേഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയിരിക്കാം. രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുന്നത്. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്. ചിലയിടങ്ങിൽ മിതമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, ഞായറാഴ്ച രാത്രി ദുബായിൽ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 17 ഡിഗ്രി സെൽഷ്യസും ആയിരിക്കും.