അബുദാബി: ലെബനൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ഔണിന് അഭിനന്ദനങ്ങൾ അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണിന് ആശംസകൾ നേർന്നു.
ലെബനൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ഔണിന് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് യുഎഇ പ്രസിഡന്റ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. തന്റെ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും കൂടുതൽ സ്ഥിരതയിലേക്കും വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിൽ അദ്ദേഹത്തിന് വിജയം നേരുന്നു. യുഎഇയും ലെബനനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും യുഎഇ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ലെബനൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ഔണിനെ തങ്ങൾ അഭിനന്ദിക്കുന്നു. ലെബനീസ് ജനതയ്ക്ക് സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കാൻ കഴിയട്ടെ. ലെബനന് വളർച്ചയുടെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഒരു പുതിയ ഘട്ടം തങ്ങൾ ആശംസിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂട്ടിച്ചേർത്തു.