ഷാർജ: യുഎഇയിൽ ഡെലിവറി സേവനങ്ങളെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തുന്ന നാലംഗ സംഘം അറസ്റ്റിൽ. വ്യാജ ഡെലിവറി സന്ദേശങ്ങളിലൂടെയും പ്രണയ തട്ടിപ്പിലൂടെയും 30 ലക്ഷം ദിർഹത്തിലധികം തട്ടിയെടുത്ത സംഘമാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്.
യുഎഇയ്ക്കകത്തും പുറത്തുമുള്ള ആളുകളെ ലക്ഷ്യമിട്ടായിരുന്നു ഈ നാലംഗ സംഘത്തിന്റെ പ്രവർത്തനം. പ്രമുഖ ഷിപ്പിംഗ്, ഇൻഷുറൻസ് കമ്പനികളുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇവർ പണം തട്ടിയത്. ഇരകളുടെ പേരിൽ പാഴ്‌സലുകൾ വന്നിട്ടുണ്ടെന്നും അത് കൈപ്പറ്റാൻ കസ്റ്റംസ് ഫീസും ഇൻഷുറൻസ് തുകയും നൽകണമെന്നും വിശ്വസിപ്പിച്ചായിരുന്നു സംഘം ഇരകളെ വലയിൽ വീഴ്ത്തിയിരുന്നത്.
സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചും സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിട്ടുണ്ട്. ഇരകളുമായി ബന്ധം സ്ഥാപിച്ച ശേഷം യുഎഇയിലേക്ക് വരാനുള്ള യാത്രാ ചെലവ് എന്ന വ്യാജേനയോ മറ്റ് അടിയന്തര സാഹചര്യങ്ങൾ പറഞ്ഞോ പണം ആവശ്യപ്പെട്ടാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.






