യു.എ.ഇയിൽ തുടരുന്ന അസ്ഥിര കാലാവസ്ഥയുടെ ഭാഗമായി ഷാർജയിലെ അൽ മദാം (Al Madam) പ്രദേശത്ത് ശനിയാഴ്ച ശക്തമായ മഴ ലഭിച്ചു. വരുന്ന ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി (NCM) അറിയിച്ചു.
ഇന്നലെ വെള്ളിയാഴ്ച അൽ ഖൈർ, അബുദാബി-അൽ ദഫ്ര റോഡ് എന്നിവിടങ്ങളിലും ശക്തമായ മഴയും കനത്ത പൊടിപടലങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.കിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് രാജ്യത്ത് ഈ അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്നത്. ചൊവ്വാഴ്ച വരെ ഇത് തുടരും.
കിഴക്കൻ, തെക്കൻ, ഉൾനാടൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കി.മീ വേഗതയിൽ വീശുന്ന കാറ്റ് മേഘങ്ങളുടെ സാന്നിധ്യത്തിൽ 50 കി.മീ വരെ ശക്തമാകാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.
മഴയും പൊടിപടലങ്ങളും കാരണം കാഴ്ചപരിധി (Visibility) കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.





