കഴിഞ്ഞ മാർച്ച് മാസത്തിൽ സൈനിക ദൗത്യത്തിനിടെ കാണാതായ ഇറാനിയൻ പൈലറ്റുമാരുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണങ്ങൾക്കായി സായുധ സേനാ ജനറൽ സ്റ്റാഫിൽ നിന്നുള്ള സാങ്കേതിക സംഘം ഖത്തറിലേക്ക് തിരിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘായി (Esmail Baghaei) അറിയിച്ചു. ‘തസ്നിം’ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കാണാതായ പൈലറ്റുമാരുടെ യഥാർത്ഥ സ്ഥിതിയും ലഭ്യമായ തെളിവുകളും പരിശോധിക്കുന്നതിനായി പ്രത്യേക വിദഗ്ധ സംഘമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിലെത്തിയത്.
കഴിഞ്ഞ മാർച്ച് 2-ന് യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായുള്ള സൈനിക നീക്കത്തിനിടെയാണ് ഇറാനിയൻ പോർവിമാനങ്ങളിലുണ്ടായിരുന്ന പൈലറ്റുമാരെ കാണാതായത്. നാല് പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം നേരത്തെ കണ്ടെത്തി ഇറാനിലേക്ക് തിരികെ എത്തിച്ചിരുന്നു. ശേഷിക്കുന്ന മൂന്ന് പൈലറ്റുമാരും ഖത്തറിന്റെ കസ്റ്റഡിയിലാണെന്നും അവരെ തടവുകാരായി കണക്കാക്കുന്നുവെന്നുമാണ് ഇറാൻ നിലപാട്.
എന്നാൽ പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലില്ലെന്നും, അന്നേദിവസം വ്യോമാതിർത്തി ലംഘിച്ചതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ ഇറാൻ സംഘത്തെ മുമ്പ് ക്ഷണിച്ചിരുന്നുവെന്നുമാണ് ഖത്തർ വ്യക്തമാക്കിയിട്ടുള്ളത്. വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളും അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.






