യുഎഇയിലെ പാസ്‌പോർട്ട്, വിസ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനായി യു.എ.ഇയിലെ ഇന്ത്യൻ എംബസി വീണ്ടും പുതിയ ടെൻഡർ (Request for Proposal – RFP) ക്ഷണിച്ചു.
സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് Abu/Cons/415/08/2026 നമ്പറിലുള്ള ഈ പുതിയ ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
നിലവിലെ സേവനദാതാക്കളായ ‘അൽഹിന്ദ് ടൂഴ്‌സ് ആൻഡ് ട്രാവൽസ്’ ടെൻഡർ ഏറ്റെടുത്തതിന് പിന്നാലെ മുൻ ടെൻഡറിലെ സാങ്കേതിക മൂല്യനിർണ്ണയത്തെ (Technical evaluation) ചോദ്യം ചെയ്ത് മറ്റ് രണ്ട് കമ്പനികൾ നിയമപോരാട്ടം നടത്തിയിരുന്നു. തുടർന്ന് ഡൽഹി ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും 3 മാസത്തിനകം പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
പുതിയ കരാർ നിശ്ചയിക്കപ്പെടുന്നത് വരെ പ്രവാസികൾക്ക് തടസ്സമില്ലാതെ സേവനം ഉറപ്പാക്കാൻ അൽഹിന്ദിന് ഇടക്കാലാശ്വാസമായി പ്രവർത്തിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ജൂലൈ 22 മുതൽ അൽഹിന്ദ് യു.എ.ഇയിലുടനീളം 16 കേന്ദ്രങ്ങളിലൂടെ സേവനം നൽകിവരുന്നുണ്ട്.






