സൗദി അറേബ്യയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) നേരെ ഉണ്ടായ തുടർച്ചയായ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനത്താവള അധികൃതർ ഔദ്യോഗിക യാത്രാ മുന്നറിയിപ്പ് (Travel Alert) പുറപ്പെടുവിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഹൂതി ആക്രമണങ്ങളെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായ സാങ്കേതിക തടസ്സങ്ങളും, ഇത്തിഹാദ് എയർവേസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഒക്ടോബർ 10 മുതൽ 12 വരെയുള്ള റിയാദ് സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലുമാണ് ഈ മുന്നറിയിപ്പ്.
ഇത്തിഹാദിന് പുറമെ എയർ ഇന്ത്യ, ഫ്ലൈ ദുബായ് തുടങ്ങി വിവിധ അന്താരാഷ്ട്ര എയർലൈനുകളും സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദിയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.






