അബുദാബി: ആവർത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ നിയമ ലംഘനങ്ങളെ തുടർന്ന് അബുദാബിയിലെ ഒരു കഫിറ്റീരിയയ്ക്ക് പൂട്ടുവീണു. അബുദാബിയിലെ ഖാലിദിയ പ്രദേശത്തെ ‘ലെറ്റ്സ് ടോക്ക് റിസ് കോർണർ കഫേ – എൽഎൽസി’ എന്ന സ്ഥാപനത്തിനാണ് പൂട്ടുവീണത്. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് കഫിറ്റീരിയ താത്ക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനം നടത്തിയനാണ് നടപടി.
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ ആവർത്തിച്ച് ഉണ്ടായതിനാലും ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിനാലും ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ ആരോഗ്യവും സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ പരിഹരിക്കുന്നതുവരെ അടച്ചുപൂട്ടൽ ഉത്തരവ് പ്രാബല്യത്തിൽ തുടരുമെന്നും, എല്ലാ ഭക്ഷ്യ സുരക്ഷാ ആവശ്യകതകളും നിയമങ്ങളും ചട്ടങ്ങളും പാലിച്ചാൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്നും അധികൃതർ അറിയിച്ചു.
അബുദാബിയിലെ ഭക്ഷ്യ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനും എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഏതെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അല്ലെങ്കിൽ ഭക്ഷ്യവസ്തുക്കളുടെ ഉള്ളടക്കത്തെക്കുറിച്ച് സംശയമുണ്ടെങ്കിൽ അബുദാബി സർക്കാരിന്റെ ടോൾ ഫ്രീ നമ്പറായ 800555 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.






