അബുദാബി: യുഎഇയിൽ 2027 ജനുവരി ഒന്നു മുതൽ പുതിയ ട്രാഫിക് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ക്ഷീണവും ഉറക്കവും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളിൽ ഒമ്പത് മണിക്കൂർ മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളൂവെന്ന നിയമം നടപ്പാക്കും.
2026ലെ കാബിനറ്റ് തീരുമാനം നമ്പർ 174 പ്രകാരം പുറത്തിറക്കിയ ഫെഡറൽ ട്രാഫിക് നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിലാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമത്തിലെ ആർട്ടിക്കിൾ 7, ഖണ്ഡിക 2 പ്രകാരമാണ് ഡ്രൈവിങ് സമയത്തിന് പരിധി നിശ്ചയിച്ചത്. ക്ഷീണമോ ഉറക്കമോ കാരണം സുരക്ഷിതമായി വാഹനമോടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡ്രൈവിങ് തുടരാനും പാടില്ല. എല്ലാ വാഹനമോടിക്കുന്നവർക്കും ബാധകമായ വ്യവസ്ഥയാണിത്.
ഒമ്പത് മണിക്കൂർ എന്ന പരിധി പൂർത്തിയാക്കിയാൽ മാത്രമേ വിശ്രമിക്കാവൂ എന്നല്ല നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. അതിനു മുൻപ് ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുകയും സുരക്ഷിതമായി വാഹനമോടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്താൽ വാഹനം നിർത്തണം. ഒമ്പത് മണിക്കൂറിൽ താഴെയാണ് ഡ്രൈവ് ചെയ്തതെങ്കിലും ക്ഷീണാവസ്ഥയിൽ വാഹനമോടിക്കുന്നത് നിയമലംഘനമാണ്.






