റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ (Al Watan Street) യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 11 പേർ മരിച്ചു. യു.എ.ഇ ആഭ്യന്തര മന്ത്രാലയമാണ് (Ministry of Interior) ഔദ്യോഗിക പ്രസ്താവനയിലൂടെ അപകടവിവരം സ്ഥിരീകരിച്ചത്. അപകടം നടന്ന സമയം അധികൃതർ അറിയിച്ചിട്ടില്ല
അപകടവിവരം ലഭിച്ച ഉടൻ തന്നെ പ്രത്യേക എമർജൻസി സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആംബുലൻസ് വിഭാഗം, സിവിൽ ഡിഫൻസ്, മറ്റ് ബന്ധപ്പെട്ട അതോറിറ്റികൾ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങളും അടിയന്തര വൈദ്യസഹായവും ഏകോപിപ്പിച്ചത്.
അപകടസ്ഥലം സുരക്ഷിതമാക്കുന്നതിനും പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുന്നതിനുമായി പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര നടപടികൾ സ്വീകരിച്ചു.
അപകടമുണ്ടാകാനുള്ള കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായാലുടൻ കണ്ടെത്തലുകൾ ഔദ്യോഗികമായി പുറത്തുവിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച മന്ത്രാലയം, മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും കുടുംബങ്ങൾക്ക് ഈ വേദന താങ്ങാനുള്ള കരുത്തും ക്ഷമയും ലഭിക്കട്ടെയെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.






