വാണിജ്യ തട്ടിപ്പുകൾ തടയുന്നത് സംബന്ധിച്ച 2023-ലെ 42-ാം നമ്പർ ഫെഡറൽ ഡിക്രി-നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻ ഉൾക്കൊള്ളുന്ന 2026-ലെ 107-ാം നമ്പർ ക്യാബിനറ്റ് പ്രമേയം യുഎഇ ഇന്ന് മുതൽ ഔദ്യോഗികമായി നടപ്പിലാക്കാൻ ആരംഭിച്ചു.
പുതിയ തീരുമാനം അനുസരിച്ച്, മാനദണ്ഡങ്ങൾക്ക് അനുസൃതമല്ലാത്ത ഏതൊരു ഉൽപ്പന്നത്തിന്റെയും വിൽപ്പനയോ പ്രദർശനമോ വിതരണക്കാർ ഉടനടി നിർത്തിവെക്കണം. കൂടാതെ, വ്യാജമായതോ, കേടായതോ, മായം ചേർത്തതോ ആയ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും ഗോഡൗണുകളിൽ നിന്നും തിരിച്ചുവിളിക്കാൻ (Recall) ഔദ്യോഗിക അറിയിപ്പ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നിർണ്ണായക നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
തീരുമാനത്തിലെ ആർട്ടിക്കിൾ (5) നിബന്ധനകൾ: ഉടനടി വിൽപ്പന തടയൽ: വ്യാജമോ കേടായതോ മായം ചേർത്തതോ ആയ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുകയും അവ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്താൽ, സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിനോ ബന്ധപ്പെട്ട അതോറിറ്റിക്കോ അംഗീകൃത മാർഗ്ഗങ്ങളിലൂടെ വിതരണക്കാരന് അറിയിപ്പ് നൽകാം. അറിയിപ്പ് ലഭിച്ച ഉടൻ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും പ്രദർശനവും നിർത്തിവെക്കണം.
24 മണിക്കൂറിനുള്ളിൽ പിൻവലിക്കൽ: അറിയിപ്പ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ വിപണിയിൽ നിന്നും ഗോഡൗണുകളിൽ നിന്നും ഇത്തരം ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ വിതരണക്കാരൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഔട്ട്ലെറ്റുകൾക്ക് മുന്നറിയിപ്പ്: തങ്ങൾ ഉൽപ്പന്നങ്ങൾ നൽകിയ എല്ലാ സെയിൽസ് ഔട്ട്ലെറ്റുകളെയും മറ്റ് സ്ഥാപനങ്ങളെയും 24 മണിക്കൂറിനുള്ളിൽ വിവരം അറിയിക്കുകയും, ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പൂർണ്ണമായും തിരികെ ശേഖരിക്കുകയും വേണം. തെളിവുകൾ സമർപ്പിക്കൽ: ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുകയും വിപണിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തുവെന്നതിന്റെ തെളിവുകൾ വിതരണക്കാർ സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിനോ ബന്ധപ്പെട്ട അതോറിറ്റിക്കോ സമർപ്പിക്കേണ്ടതാണ്.






