ദുബായ് – അബുദാബി പാതയിൽ വാരാന്ത്യങ്ങളിൽ ഇത്തിഹാദ് റെയിൽ (Etihad Rail) ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവ് വരുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. ആവശ്യക്കാരുടെ എണ്ണത്തിന് (Demand) അനുസരിച്ച് ടിക്കറ്റ് നിരക്ക് വ്യത്യാസപ്പെടുന്ന ‘ഫ്ലെക്സിബിൾ പ്രൈസിംഗ് സിസ്റ്റം’ (Flexible Pricing System) ആണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.
യാത്രക്കാരുടെ തിരക്ക്, സർവീസ് സമയം, ബുക്കിംഗ് തീയതി, യാത്ര ചെയ്യുന്ന ക്ലാസ് (Comfort / Premium) എന്നിവ അടിസ്ഥാനമാക്കിയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നത്.
തിരക്കില്ലാത്ത സമയങ്ങളിൽ ഡയറക്ട് സർവീസുകൾക്ക് 39 ദിർഹം (Comfort), 109 ദിർഹം (Premium) എന്നിങ്ങനെയാണ് അടിസ്ഥാന നിരക്കുകൾ. എന്നാൽ വാരാന്ത്യങ്ങളിലെ പീക്ക് സമയങ്ങളിൽ ഇത് ഉയർന്ന പ്രീമിയം ക്ലാസുകൾക്ക് 149 ദിർഹം വരെയും, കംഫർട്ട് ക്ലാസിന് 59 ദിർഹം വരെയും ഉയർന്നേക്കാം.
സെപ്റ്റംബർ 30-ന് ദുബായ് (അൽ യലായീസ്) – അബുദാബി (മുഹമ്മദ് ബിൻ സായിദ്) സർവീസ് ആരംഭിച്ചതിന് ശേഷം സർവീസുകൾക്ക് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ വാരാന്ത്യത്തിൽ 6 പുതിയ സർവീസുകൾ അധികമായി ഉൾപ്പെടുത്തിയിരുന്നു.
വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ വെൻഡിംഗ് മെഷീനുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാണ്. എന്നാൽ വിൽപന വേഗത്തിൽ പൂർത്തിയാകുന്നതിനാൽ 10 ദിവസം മുൻപുവരെ ആളുകൾ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നുണ്ട്.
അബുദാബി, ഫുജൈറ, ദുബായ്, അൽ ദൈദ് എന്നിവയ്ക്ക് പുറമെ ലിവാ (Liwa) സ്റ്റേഷൻ ഡിസംബർ 11-ന് ആരംഭിക്കുന്ന ലിവാ ഫെസ്റ്റിവലിന് മുൻപായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.






