ബീച്ചുകളിൽ മുങ്ങി അപകടങ്ങൾ കുറയ്ക്കുന്നതിന് ഫുജൈറയിലെ പോലീസ് ഒരു മാസത്തെ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ഫുജൈറ പോലീസ് ശനിയാഴ്ച “Safe Summer Without Drowning” കാമ്പയിൻ ആരംഭിച്ചത്. പൊതു ബീച്ചുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ബോധവത്കരണ കാമ്പയിൻ. ബീച്ചിൽ പോകുന്നവർക്ക് നീന്തുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും അറിയിച്ചുകൊണ്ടുള്ള ഫ്‌ളയറുകൾ നൽകും. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ മൂന്ന് ഭാഷകളിലാണ് ഈ ഫ്‌ളയറുകൾ അച്ചടിക്കുന്നത്.
ബീച്ചുകളിലും കുളങ്ങളിലും മുങ്ങിമരിക്കുന്ന അപകടങ്ങൾ തടയുന്നതിനായി വേനൽക്കാലത്തിന്റെ തുടക്കത്തിൽ കാമ്പയിൻ ആരംഭിച്ചതായി ഫുജൈറ പോലീസിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ക്യാപ്റ്റൻ മുഹമ്മദ് ഹസൻ അൽ ബസ്രി പറഞ്ഞു.
കുട്ടികളെ കടൽത്തീരത്തേക്ക് കൊണ്ടുവരുമ്പോൾ ജാഗ്രത പാലിക്കാൻ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടൽത്തീരത്ത് പോകുന്നവർ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും സൂര്യാസ്തമയത്തിന് ശേഷം കടലിൽ നീന്തുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.